കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകി. ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവിൽ കോഡ് വഴിവെക്കുമെന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചത്. രാജ്യ പുരോഗതിയെ ഈ വൈവിധ്യങ്ങൾ ഹനിക്കുന്നില്ലെന്നും മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ബഹുസ്വര സമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ് അതെന്നും നേരത്തെകാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.
നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ:
ബഹുസംസ്കാരവും വൈവിധ്യവുമാണ് ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രധാന സവിശേഷത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന വിശ്വാസങ്ങൾ, ആചാരങ്ങൾ, ജനന-മരണ-വിവാഹ കർമങ്ങൾ, അനന്തരാവാകാശ നിയമങ്ങൾ എന്നിവയെല്ലാം ഏറെ വ്യത്യസ്തമാണ്. ഈ സാംസ്കാരിക വൈവിധ്യം നിലനിൽക്കെ തന്നെയാണ് ഇന്ത്യ വളർന്നതും ലോക രാജ്യങ്ങൾക്കിടയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയതും. നമ്മുടെ രാജ്യത്തെ പൗരന്മാർ പിന്തുടരുന്ന സംസ്കാരങ്ങളും വിശ്വാസങ്ങളും ഏതെങ്കിലും ലക്ഷ്യം നേടുന്നതിനോ ശാസ്ത്ര സാങ്കേതിക പുരോഗതി നേടുന്നതിനോ തടസ്സം നിൽക്കുന്നില്ല. മതേതര ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഭൂരിപക്ഷങ്ങളുടേതിന് തുല്യമായി പരിഗണിക്കപ്പെടണം. ഇന്ന് നാം കാണുന്ന ഇന്ത്യൻ സംസ്കാരം എല്ലാ വിഭാഗങ്ങളുടെയും തനത് മൂല്യങ്ങളിൽ നിന്ന് ഉരുതിരിഞ്ഞ് വന്നതാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ അറിഞ്ഞുതന്നെയാണ് ഭരണഘടനാ നിർമാതാക്കൾ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങളും മതാചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന വിധം മൗലികാവകാശങ്ങൾ ചിട്ടപ്പെടുത്തിയത്. അത്തരം അവകാശങ്ങളിലേക്ക് നുഴഞ്ഞു കയറുന്ന വിധം നിയമനിർമാണങ്ങൾ ഉണ്ടാവുന്നത് ആശങ്കാജനകമാണ്. വിശ്വാസികളുടെ രീതികളും ചര്യകളും തനത് രൂപത്തിൽ തന്നെ പിന്തുടരാനുള്ള അവകാശം എക്കാലത്തും നിലനിൽക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് കൂടുതൽ സൗന്ദര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ മതവിശ്വാസികളും പവിത്രമായി കാണുന്ന പാരമ്പര്യ രീതികൾ പിന്തുടരാൻ അവകാശമുണ്ടാവണം.
വ്യക്തിനിയമങ്ങളിൽ പോരായ്മകളോ മറ്റോ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിൽ അതത് മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്. അതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിന് മുന്നിൽ ചർച്ചക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വിവിധ ഗോത്ര വിഭാഗങ്ങൾ ഏകീകൃത സിവിൽ കോഡിൽ ആശങ്ക അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഇത്തരം വിഭാഗങ്ങളുടെ ആശങ്കകൾ മുന്നിൽകണ്ട് നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033