ന്യൂഡല്‍ഹി: സുപ്രീം കോടതിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് മന്ത്രിയുമായ കപില്‍ സിബല്‍. കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കമുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ വൈകിയതിനെതിരേ സുപ്രീംകോടതിയെ വിമര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്.
സുപ്രീം കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ മദന്‍ ബി. ലോക്കുര്‍, ഗോപാല ഗൗഡ, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എ.പി. ഷാ തുടങ്ങിയവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ ചെയര്മാന് നടത്തിയ പ്രസ്താവനയെയും കപില്‍ സിബല്‍ പരോക്ഷമായി വിമര്‍ശിച്ചു. ബാര്‍ കൗണ്‍സില്‍ രാഷ്ട്രീയത്തില്‍ നിന്നു മാറി നില്‍ക്കണമെന്നും അവര്‍ പാലിക്കേണ്ട നിലവാരം പുലര്‍ത്തണമെന്നും മുന്‍ കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.
മാധ്യമങ്ങള്ക്കെതിരേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നടത്തിയ ആക്ഷേപവും രാഷ്ട്രീയ താത്പര്യത്തിലാണെന്നും കപില്‍ കുറ്റപ്പെടുത്തി. അതേസമയം സ്വമേധയാ കേസെടുത്ത് കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കിയ സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.