ആലപ്പുഴ: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയിൽ ഒരു വിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നതായാണ് വിവരം. 5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.
കായംകുളത്തെ പാർട്ടി ഗുണ്ടയായാണ് സിബി ശിവരാജൻ അറിയപ്പെടുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കായംകുളത്തെ ഒരു വിഭാഗം സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ് . ഇതിന്റെ പേരിൽ നിരവധി സിപിഎം അംഗങ്ങളും അനുഭാവികളും പാർട്ടി വിട്ടിരുന്നു. മണൽ മാഫിയ നേതാവായ സിബി പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്ന പരിഗണനയിലാണ് അക്രമം നടത്തി വരുന്നത്. 5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ ഉപയോഗിച്ചുള്ള അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇടപെട്ട്സംരക്ഷിച്ചു എന്നാണ് വിവരം. അന്ന് പാർട്ടിയിൽ എതിർപ്പുണ്ടായപ്പോൾ അന്വേഷണകമ്മീഷനെ നിയമിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. കായംകുളത്തെ മുതിർന സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സിബി. നിലവിൽ ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കാപ്പ ചുമത്തി നാടുകടത്തിയത്.