കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ പേരും എത്തിയതോടെ മാധ്യമ പ്രവര്‍ത്തകന്റെ മോചനവും നീളും. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിങ് നടത്തിയെന്ന കേസില്‍ യുപി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്. ഷെരീഫിനെ ശനിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി സിദ്ദിക് കാപ്പന്റെ പേരും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെടുത്തുന്നത് അതിനിര്‍ണ്ണായകമാണ്. ഹത്രാസില്‍ പോകവേ അറസ്റ്റിലായ കാപ്പന് ദേശവിരുദ്ധ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു വയ്ക്കുന്നത്.
കാപ്പനടക്കം നാല് പേരെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ വച്ച് അറസ്റ്റ് ചെയ്ത കേസുമായി ബന്ധിപ്പിച്ചാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മഥുരയില്‍ നിന്ന് സിദ്ദിഖ് കാപ്പനൊപ്പം യുപി പോലീസ് അറസ്റ്റ് ചെയ്തത് ഇവരെയാണ്: അതീഖുര്‍ റഹ്മാന്‍ (ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍), മസൂദ് അഹമ്മദ് (ജാമിയ വിദ്യാര്‍ത്ഥി, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍, യുപി സ്വദേശി, യുപി സ്വദേശി ആലം. റൗഫിന്റെ നിര്‍ദേശപ്രകാരമാണ് സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസില്‍ പോയത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണം. ഇതിനായി കാപ്പന് പണം നല്‍കിയത് റൗഫാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴും മഥുര ജയിലില്‍ തടവില്‍ കഴിയുകയാണ് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്‍.
അറസ്റ്റിലായ റൗഫിനെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റൗഫ് ഷെരീഫിനെ കാക്കനാട്ടുള്ള കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൗഫിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാപ്പനെതിരേയും പരമാര്‍ശമുണ്ട്. റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയത് 2.21 കോടി രൂപയാണ് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്. റൗഫ് ഷെരീഫ് പിന്നീട് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്യാമ്പസ് ഫ്രണ്ടിന്റെ പേരില്‍ വേറെ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ലെന്നും, എല്ലാ പണമിടപാടുകളും റൗഫിന്റെ പേരില്‍ മാത്രമാണ് നടത്തിയിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. പല തവണ സമന്‍സ് അയച്ചിട്ടും റൗഫ് ഷെരീഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഹത്രാസിലേക്ക് കാപ്പനടക്കം നാല് പേര്‍ പോയത് സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാനായിരുന്നുവെന്ന യുപി പോലീസിന്റെ എഫ്‌ഐആറിലെ ആരോപണങ്ങള്‍ ഇഡിയും എടുത്തു കാട്ടുന്നു. കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അതീഖുര്‍ റഹ്മാനുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് റൗഫ് ഷെരീഫ് എന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിദ്ദിഖ് കാപ്പന് റൗഫ് ഷെരീഫിനെ ഒരു വര്‍ഷമായി പരിചയമുണ്ടായിരുന്നു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൊയബ് പി വി എന്നയാള്‍ വഴിയാണ് കാപ്പന്‍ റൗഫിനെ പരിചയപ്പെട്ടത്. ജാമിയയിലെ വിദ്യാര്‍ത്ഥിയായ മസൂദ് അഹമ്മദിനെ അതീഖുര്‍ റഹ്മാന്‍ വഴിയാണ് കാപ്പന്‍ പരിചയപ്പെടുന്നത്. രണ്ട് തവണ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ വച്ച് ഇവര്‍ തമ്മില്‍ കണ്ടിട്ടുണ്ട്. യുപി സ്വദേശിയായതിനാലാണ് മസൂദിനെ കാപ്പന്‍ ഒപ്പം കൂട്ടിയത്.
മസൂദ് പല തവണ ക്യാമ്പസ് ഫ്രണ്ടിന് വേണ്ടി ജാമിയ സര്‍വകലാശാലയില്‍ വച്ച് ബക്കറ്റ് പിരിവ് നടത്തിയിട്ടുണ്ട്. ഈ യാത്രയ്ക്ക് ഫണ്ട് നല്‍കിയത് കെ എ റൗഫ് ഷെരീഫാണ്. അതീഖുര്‍ റഹ്മാനെ ഇതിന് മുമ്പ് അറിയില്ലായിരുന്നുവെന്ന് സിദ്ദിഖ് കാപ്പന്‍ കളവ് പറഞ്ഞെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.