ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴ പാണാവള്ളിയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി. കൊവിഡ് മൂലം നീണ്ടുപോയ പൊളിക്കല്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരടിലെ പോലെ പൊളിക്കല്‍ നടപടി സങ്കീര്‍ണമല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
2020 ജനുവരിയിലാണ് വേമ്പനാട്ടു കായലിലെ നെടിയതുരുത്ത് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കാന്‍ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത് സര്‍ക്കാരിനെ അറിയിച്ചതോടെയാണ് കര്‍മപദ്ധതി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. എന്നാല്‍ കൊവിഡ് മൂലം നടപടികള്‍ വൈകി. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടര്‍ റിസോര്‍ട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.