കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട കരിമാന്‍തോട് തൂമ്പാക്കുളം റോഡ് തകര്‍ച്ച ജനങ്ങളെ ദുരിതത്തിലാക്കുന്നു. കരിമാന്‍തോട്ടില്‍ നിന്നും മൂന്നേകാല്‍ കിലോമീറ്ററിലേറെ ദൂരമുള്ള റോഡിന്‍റെ ഭൂരിഭാഗവും തകര്‍ച്ച നേരിടുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ റോഡ് പുനര്‍ നിര്‍മ്മിക്കുവാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അഞ്ച് വര്‍ഷത്തിലേറെയായി റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചിട്ട്. മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതാണ് തകര്‍ച്ച കൂടുതല്‍ രൂക്ഷമാക്കുന്നത്.
റോഡിലെ മാമ്പറപടി ഭാഗത്ത് മുന്‍പ് ഓടയുണ്ടായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഓട അടഞ്ഞുപോവുകയും ചെയ്തു. എന്നാല്‍ റോഡ് ടാറിംഗ് ചെയ്തിരുന്നപ്പോള്‍ ഓട നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ ഇത് നടപ്പാക്കിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇരുനൂറ് കുടുംബങ്ങളിലേറെ കരിമാന്‍തോട് തൂമ്പാക്കുളം റോഡിനെ ആശ്രയിക്കുന്നുണ്ട്. മാത്രമല്ല ചരിത്ര പ്രസിദ്ധമായ ആലുവാംകുടി ക്ഷേത്രത്തിലേക്ക് പോകുന്നതും ഇതേ റോഡില്‍ കൂടിയാണ്. എല്ലാ മാസവും ക്ഷേത്രത്തിലേക്ക് എത്തുന്ന നിരവധി ആളുകളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡിലെ മാമ്പറപ്പടി മുതലുള്ള ഭാഗം ടാര്‍ ചെയ്യുന്നതിനായി മെറ്റല്‍ പാകിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. റോഡിലെ വട്ടമണ്‍ മുക്ക് മുതല്‍ അംഗന്‍വാടിക്ക് സമീപം വരെ ഒരു കിലോമീറ്റര്‍ ദൂരം രണ്ട് വര്‍ഷം മുന്‍പ് ടാര്‍ ചെയ്തിരുന്നു. പിന്നീട് ആറ് മാസത്തിന് ശേഷം കരിമാന്‍തോട് വരെ ഒരു കിലോമീറ്റര്‍ ഭാഗവും ടാര്‍ ചെയ്തു. എന്നാല്‍ മാമ്പറം പടി മുതല്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടി വരെയുള്ള ഭാഗമാണ് ടാര്‍ ചെയ്യാത്തത്. 2006ല്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചായിരുന്നു ഇവിടെ മെറ്റല്‍ പാകിയത്. ഇതിന് ശേഷമുള്ള റോഡിന്‍റെ മൂന്നൂറ് മീറ്റര്‍ ഭാഗം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചതാണ്. എന്നാല്‍ കാലപ്പഴക്കം മൂലം കോണ്‍ക്രീറ്റ് ചെയ്ത ഭാഗവും പലയിടങ്ങളിലും പൊട്ടിയിളകിയിട്ടുണ്ട്.
റോഡില്‍ പതിമൂന്ന് ഇടങ്ങളിലേറെ ചെറിയ ഹംപുകളുണ്ട്. എന്നാല്‍ റോഡ് നവീകരിച്ചാല്‍ പോലും റോഡിന് കുറുകെ മഴക്കാലത്ത് വെള്ളമൊഴുക്ക് ശക്തമായതിനാല്‍ മൂന്നേകാല്‍ കിലോമീറ്റര്‍ ഉള്ള റോഡില്‍ പത്ത് ഇടങ്ങളിലേറെ കലുങ്കുകള്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്നും നാട്ടുകാര്‍ പറയുന്നു. സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും ഇതുവഴി ദിവസേന കടന്ന് പോകുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്ന ഇരുനൂറിലേറെ കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഈ ഒരേയൊരു
റോഡ് മാത്രമാണ് ഏക ആശ്രയം. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.