പന്തളം : പഴയ പരമ്പരാഗത കൃഷിരീതി കരിങ്ങാലിപ്പാടത്തിന് നഷ്ടമായി. കാലാവസ്ഥയിലെ വ്യതിയാനവും പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാൻ സൗകര്യമില്ലാത്തതും കൃഷിയിറക്കാൻ തടസ്സമാകുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പാടത്തേക്കും വെള്ളം കയറി. ചിറ്റിലപ്പാടത്ത് നിലം പൂട്ടിയടിക്കാനായി ട്രാക്ടർ ഇറക്കിയെങ്കിലും വെള്ളം കൂടുതലായതിനാൽ പണി നടത്താനായില്ല. വലിയകൊല്ലായിലും വാരുകൊല്ലായിലും തെക്കുഭാഗത്തുള്ള കുഴിനിലങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്.
വെള്ളം വറ്റിച്ച് ഞാറു പാകിക്കഴിഞ്ഞാൽ മൂന്നാഴ്ചയെങ്കിലും കഴിഞ്ഞാലേ ഞാറ് പറിച്ചുനടാൻ പാകമാവുകയുള്ളൂ. അപ്പോഴേക്കും ഒരുമാസത്തോളം സമയം വൈകും. വെള്ളം വറ്റാത്തതുകാരണം ഞാറ് പാകുന്നതിനോ നിലം പൂട്ടിയടിച്ച് ഒരുക്കുന്നതിനോ കഴിയുന്നില്ല. വേനലാരംഭിച്ച് വെള്ളം വറ്റിത്തുടങ്ങിയപ്പോഴാണ് അച്ചൻകോവിലാറ്റിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം പാടത്തേക്ക് കയറിയത്. മുൻ വർഷങ്ങളിൽ വെള്ളം വറ്റി ഞാറ് പാകി കിളിപ്പിച്ച് ഡിസംബർ മാസം അവസാനം കൃഷിയിറക്കാനായിരുന്നെങ്കിലും ഇത്തവണ ഞാറ് പാകാൻപോലും കർഷകർക്ക് കഴിഞ്ഞില്ല.