കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അജ്മലിനെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വിദേശത്തുള്ള സലീമിനെ ഷെഫീഖിന് പരിചയപ്പെടുത്തിയതും അജ്മലാണെന്നും കസ്റ്റംസ് പറയുന്നു. അജ്മൽ അന്വേഷണവുമായി സഹകരിച്ചുവെന്നും നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
വിദേശത്തുള്ള മുഖ്യപ്രതി സലീമിനെ കേരളത്തിൽ എത്തിക്കാൻ കസ്റ്റംസ് നടപടി തുടങ്ങിയിട്ടുണ്ട്. മുഹമ്മദ് ഷഫീക്കിന് സ്വർണം ഏർപ്പെടുത്തി നൽകിയത് സലിമാണെന്നും കസ്റ്റംസ് പറയുന്നു. അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അജ്മലിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പരിസരത്ത് നിന്നാണ് അജ്മലിനെയും സുഹൃത്ത് ആഷികിനെയും കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിന് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയക്കുകയായിരുന്നു.