കൊച്ചി : കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതു താത്പര്യ ഹര്‍ജി കോടതിയില്‍ ഫയല്‍ ചെയ്‌തിരിക്കുന്നത്. കരിപ്പൂര്‍ വിമാന അപകടത്തിന്റെ പശ്‌ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെ റണ്‍വേ അടക്കമുള്ളവ ശാസ്ത്രീയമായി നിര്‍മ്മിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും. നിലവില്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങുന്നത് നിഷേധിച്ചിരിക്കുകയാണ്.
മംഗലാപുരം വിമാനദുരന്തത്തിന് ശേഷം നിയമിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം വിമാനത്താവളത്തിന്റെ ഭൂപ്രകൃതിയുള്ള കരിപ്പൂര്‍ വിമാനത്താവളത്തിനും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിഷേധിച്ചിരുന്നു. സിവില്‍ ഏവിയേഷന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയശേഷം 2019ലാണ് വീണ്ടും വലിയ വിമാനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട് – ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം പതിനെട്ട് പേരാണ് മരണപ്പെട്ടത്.