കോഴിക്കോട് : തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തു കേസ് വന്‍ വിവാദമാകുന്നതിനിടെ കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി ഏകദേശം 3.3 കിലോഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത് . ഒന്നര കോടി വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. റാസല്‍ഖൈമയില്‍ നിന്നും, ദോഹയില്‍ നിന്നും വന്ന വിമാനങ്ങളിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
റാസല്‍ഖൈമയില്‍ നിന്നും സ്പേസ് ജെറ്റ് വിമാനത്തില്‍ എത്തിയ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ജിഷാറില്‍ നിന്നും 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
ഇതേ വിമാനത്തില്‍ എത്തിയ കോഴിക്കോട് കോഴഞ്ചേരി സ്വദേശി അബ്ദുള്‍ ജലീലില്‍ നിന്നും 2.045 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഖത്തറിലെ ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസില്‍ നിന്നും 800 ഗ്രാം സ്വര്‍ണവും പിടികൂടി. കസ്റ്റംസ് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിട്ടുണ്ട്.