കോഴിക്കോട് : കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഹംസയുടെ പേരുണ്ടായിരുന്നു. പട്ടികയില്‍ നൂറാമതായാണ് അദ്ദേഹത്തിന്റെ പേരുള്ളത്. മരിച്ചവരുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേരില്ല. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഇതുവരെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും 14 പേരുടെ പരിക്ക് ഗുരുതരമാണെന്നും മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മരിച്ച 18 പേരില്‍ 17 പേരുടെയും ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരാളെ മാത്രം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ചിലര്‍ വെന്റിലേറ്ററില്‍ തുടരുമ്പോള്‍ ചിലരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കുറച്ച് പേരുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. വളരെ ഗുരുതരമായി പരിക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.