കോഴിക്കോട് : കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന പരാതിയിലാണ് കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാര്‍ സബിത, ഹവീല്‍ദാര്‍ സനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കഴിഞ്ഞ മാസം 27 ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഷിഹാബിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനായില്ല. താന്‍ കടത്തി കൊണ്ടുവന്ന കാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസഥര്‍ കൈക്കലാക്കിയെന്നായിരുന്നു ഷിഹാബ് പോലീസിന് നല്‍കിയ മൊഴി.
ഷിഹാബിന്റെ മൊഴി പോലീസ് സംഘം കസ്റ്റംസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിഹാബിനെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിഹാബ് വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഈ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം.