ശബരിമല : കർക്കടകമാസ പൂജകൾ പൂർത്തിയാക്കി അയ്യപ്പക്ഷേത്രനട ഇന്ന് അടയ്ക്കും. അത്താഴ പൂജയ്ക്കു ശേഷം വൈകിട്ട് 7.30ന് ഹരിവരാസനം ചൊല്ലും. കാർഷിക സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ നെൽക്കതിർ പൂജിക്കുന്ന നിറപുത്തരി ചടങ്ങ് ഓഗസ്റ്റ് 9ന് നടക്കും.
കവടിയാർ കൊട്ടാരത്തിൽനിന്ന് ഇതിനുള്ള മുഹൂർത്തം നിശ്ചയിച്ച് ദേവസ്വം ബോർഡിനെ അറിയിച്ചു. അന്ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ നെൽക്കതിർ പൂജിച്ച് ആദ്യം ശ്രീകോവിലിൽ കെട്ടും. പിന്നെ പ്രസാദമായി നൽകും.
ഇതിനായി ഓഗസ്റ്റ് 8ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. പൂജകൾ പൂർത്തിയാക്കി 9ന് രാത്രി 7.30ന് നട അടയ്ക്കും ഇന്നലെ കളഭാഭിഷേകം നടന്നു. പൂജിച്ച കലശം ആഘോഷമായി എഴുന്നള്ളിച്ച് ശ്രീകോവിലിൽ എത്തിച്ചായിരുന്നു അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. കലശ പ്രദക്ഷിണത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ബ്രഹ്മകലശം എടുത്തു.