തിരുവനന്തപുരം : ഇന്ന് കര്‍ക്കിടകവാവ് ബലി. പതിനായിരക്കണക്കിന് പേര്‍ പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ ഏല്ലാ തീര്‍ത്ഥഘട്ടങ്ങളും കൊവിഡ് പശ്ചാത്തലത്തില്‍ വിജനമാണ്. ഇത്തവണ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ടനമസ്‌കാര വഴിപാട് ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. അതേസമയം ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണം അടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. എല്ലാ ചടങ്ങുകളും വീട്ടില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം.
കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ മതചടങ്ങുകളും ജൂലൈ 31വരെ നിര്‍ത്തിവെയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ മാര്‍ഗരേഖയാണ് കേരളത്തിലും അനുവര്‍ത്തിക്കുന്നത്. കന്യാകുമാരിയിലും ഇത്തവണ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാവില്ല.