ഒറ്റയ്ക്കുള്ള യാത്രകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ആരുടെയും സമയത്തിനും സൗകര്യത്തിനും നോക്കി നിൽക്കാതെ ഉള്ള ബജറ്റിൽ ഇഷ്ടമുള്ള സ്ഥലങ്ങൾ കണ്ട്, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് മനസ്സറിഞ്ഞ് കറങ്ങി വരുന്ന സ്റ്റൈൽ തന്നെ. ഒരാള് ഒപ്പമില്ലാതെ എങ്ങനെ പോകും എന്നു ടെൻഷനിച്ച് ഇഷ്ടപ്പെട്ട് യാത്രകൾ പലതും മുടങ്ങിയ കഥകളില് നിന്നാവും പലരുടെയും സോളോ ട്രിപ്പ് തുടങ്ങിയിട്ടുണ്ടാവുക. ഒരു ധൈര്യത്തിൽ പോയി പിന്നീടത് ഹരമായി മാറിയവും ഉണ്ട്. നിരവധി സംസ്ഥാനങ്ങളും ഒരുപാട് രാജ്യങ്ങളും തനിച്ചു സന്ദർശിച്ചു വന്നിട്ടുണ്ടെങ്കിലും യാത്രകളുടെ ഒരു സുഖം പൂർത്തിയാകുന്നത് സ്വന്തം നാടു കൂടി കണ്ടുകഴിയുമ്പോളാണ്. ലഡാക്കും മണാലിയും പൂക്കളുടെ താഴ്വരയും കാശ്മീരും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ കേരളത്തിലെ ചില ഇടങ്ങൾ കൂടി നിർബന്ധമായും കാണണം. ഇതാ കേരളത്തിൽ ഒറ്റയ്ക്കു പോകാൻ പറ്റിയ , നിങ്ങളെ അതിശയിപ്പിക്കുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേർന്നതും ഇനിയും പോകാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളില്‍ ഒന്നാണ് പത്തനംതിട്ടയിലെ ഗവി. കാട്ടിലൂടെയുള്ള യാത്രയുടെ രസം തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. അതിലധികം ഒരു ജംഗിൾ സഫാരി നടത്താൻ സ്വന്തമായി വാഹനമില്ലാതെ ഒരു കെഎസ്ആർടിസി ബസിൽ പോകാം എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. ഒരാൾ ഒപ്പമില്ലെങ്കിൽപ്പോലും ഏറ്റവും സുരക്ഷിതമായി ഗവി കണ്ട് നിങ്ങൾക്ക് മടങ്ങിയെത്താം. കെഎസ്ആർടി ബജറ്റ് ടൂറിസം സെൽ നടത്തുന്ന യാത്രകൾ വഴിയോ അല്ലെങ്കിൽ പത്തനംതിട്ട-ഗവി ഓർഡിനറി ബസിലോ ഗവിയിലേക്ക് പോകാം. 70 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ച് അണക്കെട്ടുകളും വ്യൂ പോയിന്‍റുകളും കണ്ട് ബോട്ടിങ്ങും നടത്തി മടങ്ങാം. എത്ര ചൂടിലും കുളിര് സൂക്ഷിക്കുന്ന ഇവിടം എന്തുകൊണ്ടും തനിച്ചുള്ള യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. വനംവകുപ്പിന്റെ കോട്ടേജുകളിൽ താമസിച്ചും ഗവി എക്സ്പ്ലോർ ചെയ്യാം.
തനിച്ചുള്ള യാത്രകളുടെ പട്ടികയിൽ അധികം കടന്നുവന്നിട്ടില്ലാത്ത ഇടമാണ് തിരുവനന്തപുരം ജില്ലയിലെ പണ്ടിപ്പത്ത്. കാട്ടുപോത്തുകളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായ പാണ്ടിപ്പത്ത് പേപ്പാറ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായാണ് ഇതുള്ളത്. തിരുവനന്തപുരത്തു നിന്നും അറുപത് കിലോമീറ്റർ അകലെയാണ് പാണ്ടിപ്പത്ത് സ്ഥിതി ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് മഞ്ഞുപൊതിയുന്ന ഇവിടെ വനംവകുപ്പിന്റെ പ്രത്യേക പാക്കേജ് എടുത്ത് സഞ്ചാരികൽക്ക് ട്രെക്കിങ്,ഹൈക്കിങ് തുടങ്ങിയ ആക്ടിവിറ്റികൾ ആസ്വദിക്കാം. കാട്ടുപോത്തുകൾ സ്ഥിരം വെള്ളം കുടിക്കാൻ വരുന്ന ഇടങ്ങളും ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കുരങ്ങന്മാരെയും കടുവയെയും പുലികളെയും ഇവിടെ കാണാം. തിരുവനന്തപുരത്തെ വനംവകുപ്പ് വാർഡന് വഴി പാക്കേജ് എടുത്ത് ഇവിടേക്ക് വരാം. വയനാട് ജില്ലയിലും ഉണ്ട് ധൈര്യത്തിൽ തനിച്ചു പോകാൻ പറ്റിയ, മിസ് ചെയ്യരുതാത്ത ഒരിടം. അതാണ് കർലാട് ലേക്ക്. കുറച്ചു നാളുകൾ മാത്രമായതേയുള്ളൂ കർലാട് സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ കയറിപ്പറ്റിയിട്ട്. ലേക്കിലൂടെയുള്ള സാഹസിക യാത്ര, ബാംബൂ റാഫ്ടിങ്ങ് സിപ്ലൈന്‍, ബോട്ടിങ്ങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും തടാകത്തിനു ചുറ്റിലും താമസിക്കാൻ കോട്ടേജ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്.
ഒരു അടിപൊളി സോളോ ട്രിപ്പാണ് മനസ്സിലെങ്കിൽ വർക്കല പൊളിയാണ്. ഒന്നല്ല ഒരാഴ്ച പോയി നിന്ന് അടിച്ചുപൊളിച്ച് ആസ്വദിക്കാന് വേണ്ടതെല്ലാം ഇവിടെയുണ്ട്. കടലിനു സമീപത്തെ ക്സിഫിനോട് ചേർന്നുള്ള കോട്ടേജിലെ താമസവും കടലിലെ സർഫിങ്ങും ബോട്ടിങ്ങും പിന്നെ വ്യത്യസ്ത രുചികളും നൈറ്റ് ലൈഫും ഒക്കെയായി ഇവിടെ സമയം ചെലവഴിക്കാം, എങ്ങനെ പ്ലാൻ ചെയ്തു പോയാലും കുറഞ്ഞത് ഒരു രാത്രിയും ഒരു പകൽ മുഴുവനും വർക്കലയിൽ ചെലവഴിച്ച് ഇവിടുത്തെ സമീപപ്രദേശങ്ങളും കണ്ട് മാത്രമേ മടങ്ങാവൂ. കാസർകോഡുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ആണ് റാണിപുരം. മഞ്ഞുപെയ്യുന്ന മലകളും നടന്നു കയറേണ്ട കുന്നുകളും മാറ്റും ഒക്കെയായി ഒരടിപൊളി ലോകം. കാഞ്ഞങ്ങാട് നിന്നും കൃത്യം ഇടവേളകളിൽ ഇവിടേക്ക് നേരിട്ട് ബസ് സൗകര്യമുണ്ട്. അല്ലെങ്കിൽ പനത്തടി എന്ന സ്ഥലത്തെത്തി അവിടുന്ന് ട്രിപ്പ് ജീപ്പിനോ ഓട്ടോയ്ക്കോ വരാം. നടന്നു കയറാൻ ഏത് സമയത്തും ആള്‍ക്കാൾ ഇവിടെ കാണുമെന്നതിനാൽ ട്രക്കിങ് തനിച്ചാവാതെ പൂർത്തിയാക്കാം. ഇവിടെ താമസിക്കുവാൻ ഹോം സ്റ്റേകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ട്.