ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താരപ്രചാരകനായി കിച്ച സുധീപിനെ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. കര്‍ണാടകയുടെ വിധി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സിനിമാ താരങ്ങളല്ലെന്നും കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാന്‍ സിനിമാ താരത്തിന് സ്വാതന്ത്ര്യമുണ്ടെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. ‘ആരെ പിന്തുണയ്ക്കണമെന്ന് തിരഞ്ഞെടുക്കാന്‍ സിനിമാതാരത്തിന് സ്വാതന്ത്ര്യമുണ്ട്, കര്‍ണാടകയില്‍ ബിജെപിയുടെ പാപ്പരത്തം വ്യക്തമാണ്. മുഖ്യമന്ത്രി ബൊമ്മൈയുടെയും ബിജെപി നേതാക്കളുടെയും വാക്കുകള്‍ കേള്‍ക്കാന്‍ ആരും വരാത്തതിനാല്‍ ജനക്കൂട്ടമുണ്ടാക്കാന്‍ സിനിമ താരങ്ങളെ ആശ്രയിക്കുകയാണ്. സിനിമാ താരങ്ങളല്ല, ജനങ്ങളാണ് കര്‍ണാടകയുടെ വിധി തീരുമാനിക്കുക’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.
വരാനിരിക്കുന്ന കര്‍ണാടാക തിരഞ്ഞെടുപ്പില്‍ ബിജിപിയ്ക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കന്നഡ നടന്‍ കിച്ച സുധീപ് എന്നറിയപ്പെടുന്ന സുധീപ് സഞ്ജീവ് പറഞ്ഞു. ജീവിതത്തില്‍ പലതവണ മുഖ്യമന്ത്രി തന്നെ വ്യക്തിപരമായി സഹായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണ് ഞാന്‍ എന്റെ നന്ദി പ്രകടിപ്പിക്കുന്നതെന്നും താരം പറഞ്ഞു.