ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസ് സമൂഹത്തിൽ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ നിന്ന് ‘മതേതരം’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മുതിർന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഖാർഗെയുടെ പരാമർശം.”സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചില്ലേ? അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു, രാജ്യത്തെ നിയമം പാലിക്കുമെന്ന് ഉറപ്പുനൽകി. ഇന്ദിരാഗാന്ധി ആർഎസ്എസിനെ നിരോധിച്ചില്ലേ? അവർ വീണ്ടും അത് തന്നെ ചെയ്തു.
ഇപ്പോഴും അവർ നിയമം പാലിക്കുന്നതായി നടിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ 250 കോടി രൂപയുടെ ഫണ്ടിന്റെ ഉറവിടം എന്താണ്? ഈ കാര്യങ്ങൾ അന്വേഷിക്കണം” ഖാർഗെ പറഞ്ഞു. ആർഎസ്എസ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ഉപ്പു സത്യാഗ്രഹത്തിലോ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലോ മറ്റേതെങ്കിലും ജനകീയ മുന്നേറ്റങ്ങളിലൊന്നും തന്നെ ഇടപെട്ട സംഘടനയല്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക് ഖർഗെ എക്‌സിൽ കുറിച്ചിരുന്നു. നിയമനിർമ്മാണ സഭയുടെ ജോലി നിയമമുണ്ടാക്കുക എന്നതാണ്. ആവശ്യമായ നിയമം തങ്ങൾ കൊണ്ടുവരും. പക്ഷെ തനിക്ക് ഭരണഘടനക്ക് അപ്പുറത്തൊന്നും ചെയ്യാൻ കഴിയില്ലെന്നും പ്രിയങ്ക ഖർഗെ പറഞ്ഞു