ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ക്ഷണം മൂന്ന് പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ നിന്നാണ് മൂന്നു പേരെയാണ് ക്ഷണിച്ചത്. എല്‍ഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരെയാണ് ക്ഷണിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി 20 പേരെയാണ് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ രാജ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തിയിരുന്നു. സങ്കുചിതമായ നിലപാട് കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് പ്രകാശ് കാരാട്ടും അപക്വമായ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനറും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിജയത്തില്‍ സിപിഎം ഉള്‍പ്പടെ പ്രതീക്ഷപ്രകടിപ്പിച്ചിട്ടും കേരള, തെലുങ്കാന മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ക്ഷണമില്ല. ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു.