പത്തനംതിട്ട : കര്‍ഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്ന് ആരോഗ്യ, വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലതല കര്‍ഷക ദിനം ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭം കിട്ടുന്ന രീതിയില്‍ ഓണച്ചന്ത ക്രമീകരിച്ചിട്ടുണ്ട്. ഓണച്ചന്ത നടത്തുന്നതുവഴി ഏറ്റവും മിതമായ നിരക്കില്‍ പച്ചക്കറി വാങ്ങുന്നതിനും ഏറ്റവും മികച്ച വില കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. വിളകളുടെ ഉത്പാദനവും വിപണനവും മികച്ച രീതിയിലായിരിക്കണം. തരിശുനിലം കൃഷിയോഗ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. 60 വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആറന്മുള മണ്ഡലത്തിന് കീഴില്‍ വരുന്ന ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കുകളിലെ കൃഷിഭവനിലായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ കര്‍ഷകര്‍ക്ക് മൊമന്റോ, പൊന്നാട, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍, കര്‍ഷക തൊഴിലാളി, യുവ കര്‍ഷകന്‍, നെല്‍ കര്‍ഷകന്‍, സംയോജിത കര്‍ഷകന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്താണ് ആദരിച്ചത്.