കോഴഞ്ചേരി : ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവവും സപ്താഹയജ്ഞവും ഇന്ന് മുതൽ 13 വരെ നടക്കും. വ്യാഴാഴ്ച രാവിലെ അഞ്ചിന് നിർമാല്യദർശനം, കാർത്തിക ദർശനം. ഒൻപതിന് കാർത്തിക പൊങ്കാലയ്ക്ക് സിനിമാ സീരിയൽ താരം കുമാരി ലക്ഷ്മി കീർത്തന ഭദ്രദീപ പ്രകാശനം നടത്തുന്നതിനെ തുടർന്ന് ക്ഷേത്ര മേൽശാന്തി ശ്രീകാന്ത് നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് ദീപംപകരും. 10-ന് തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, 12.30-ന് നടക്കുന്ന കാർത്തികസദ്യ എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ ഉദ്ഘാടനംചെയ്യും.
വൈകിട്ട് അഞ്ചിന് ആൽത്തറ കാർത്തിക മണ്ഡപത്തിലേക്ക് കാർത്തിക എഴുന്നള്ളിപ്പിനെ തുടർന്ന് ആൽത്തറമേളം. 7.30-ന് ഇടയാറന്മുള വിളക്ക്മാടം കൊട്ടാരത്തിൽനിന്നും ആപ്പിണ്ടി വരവ്, 11-ന് വീരനാട്യം, പുലർച്ചെ രണ്ടിന് വിളക്കിനെഴുന്നള്ളിപ്പ്, വ്യാഴാഴ്ച ആരംഭിക്കുന്ന സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപപ്രതിഷ്ഠയ്ക്ക് ശേഷം പകൽ 2.30 മുതൽ മാഹാത്മ്യപ്രഭാഷണം നടക്കും. എല്ലാ ദിവസവും 6.30 മുതൽ ഭാഗവത പാരായണം. രണ്ടുമുതൽ ഭാഗവത പാരായണം. എട്ടിന് വൈകിട്ട് 7.30-ന് ഭക്തിഗാനമേള. 10-ന് വൈകിട്ട് 7.15-ന് നൃത്തസന്ധ്യ. 11-ന് വൈകിട്ട് 7.30-ന് ഭജനാമൃത ജപലയം. 13-ന് വൈകിട്ട് 4.30-ന് ഇടയാറന്മുള വിളക്ക്മാടം കൊട്ടാരത്തിലേക്ക് അവഭൃഥസ്‌നാന ഘോഷയാത്ര, 6.45-ന് തിരു എഴുന്നള്ളത്ത്, 10.30-ന് ഗാനമേള.