ചെങ്ങന്നൂർ : കരുണ ഫെസ്റ്റ് 2020 ന് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയം നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.
കാരുണ്യ പ്രവർത്തനത്തിനും നിരാശ്രയർക്ക് താമസസ്ഥലം ഒരുക്കുന്നതിനുംവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ പെരുങ്കുളം പാടത്ത് ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചത്. എന്നാൽ കരുണയുടെ അപേക്ഷ നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്, ബിജെപി അംഗങ്ങൾ വോട്ടിട്ട് തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്.
നഗരസഭ ഓഫീസിനു മുന്നിൽ രാവിലെ 8 മുതൽ ജനപ്രതിനിധികളുടെ നിരാഹാര സമരം ആരംഭിച്ചു. വൈകിട്ട് 5 ന് ബഥേൽ ജംഗ്ഷനിൽ കരുണയുടെ നേതൃത്വത്തിൽ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മ നടക്കും. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ തീരുമാനത്തിൽ പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തകനായ ബാലു ശ്രീകുമാർ നഗരസഭാ ഓഫീസിനു മുന്നിൽ വ്യാഴാഴ്ച്ച നിരാഹാര സമരം നടത്തിയിരുന്നു. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ടി ഷൈലജ, കെ കെ രാധമ്മ, ജില്ലാ പഞ്ചായത്തംഗം ജെബിൻ പി വർഗ്ഗീസ്, സി ഐ ടി യു ഏരിയ പ്രസിഡന്റ് എം കെ മനോജ്, വി വി അജയൻ, അഡ്വ.സുരേഷ് മത്തായി, ടി കെ സുരേഷ്, ഏ ജി ഷാനവാസ്, ജിനു ജോർജ്ജ്, പി എസ് അനിയൻ , ബി ബാബു എന്നിവർ സംസാരിച്ചു.