കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കെന്നു പറഞ്ഞ് താരനിശയിലൂടെ കോടികള്‍ തട്ടിച്ചവര്‍ പിച്ചക്കാശുമായി തടി തപ്പാന്‍ രംഗത്തെത്തി. ആറു ലക്ഷത്തി ഇരുപത്തീരായിരം രൂപയുടെ ചെക്ക് സര്‍ക്കാരിലേക്ക് നല്‍കി. ഇതുവഴി അടിച്ചുമാറ്റിയ കോടികള്‍ സുരക്ഷിതമാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. 2019 നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടന്ന ഈ മെഗാ മ്യുസിക് ഇവന്റിലൂടെ പിരിച്ചെടുത്തത് കോടികളാണ്.
500 രൂപയുടെയും 2000 രൂപയുടെതും ആയിരുന്നു ടിക്കറ്റുകള്‍. പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പൂര്‍ണ്ണമായും നല്‍കുമെന്നായിരുന്നു സംഘാടകര്‍ പറഞ്ഞിരുന്നത്. ആദ്യ ടിക്കറ്റ് വില്പന മമ്മൂട്ടി ആയിരുന്നു നിര്‍വഹിച്ചത്. സഹതാപ തരംഗത്തിലൂടെ ടിക്കറ്റുകള്‍ വിറ്റ് കോടികള്‍ സമ്പാദിച്ചു. ഷോ വന്‍ വിജയവും ആയിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും ഒരു ചില്ലിക്കാശു പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയില്ല. ഇതിന്റെ വിവരാവകാശ രേഖ പുറത്തുവന്നപ്പോഴാണ് ഈ വന്‍ തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ 622000 രൂപയുടെ ചെക്ക് ധനകാര്യ സെക്രട്ടറിയുടെ പേരില്‍ നല്‍കി നല്ലപിള്ള ചമയുകയാണ് ആഷിക് അബുവും റിമ കല്ലിങ്കലും.
പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുവാന്‍ ആയിരുന്നതിനാല്‍ ജനങ്ങള്‍ നന്നായി സഹകരിച്ചു. കലാകാരന്‍മാര്‍ പ്രതിഫലം ഒന്നും വാങ്ങാതെയാണ് പങ്കെടുത്തതെന്നും ഓര്‍ക്കസ്ട്രയും ശബ്ദ വെളിച്ച ക്രമീകരണങ്ങളും പരിപാടി നടന്ന സ്ഥലവും ഒക്കെ സൌജന്യമായാണ് ലഭിച്ചതെന്നും പറയുന്നു. എന്നിട്ടും പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ നടത്തിയ പരിപാടിയിലൂടെ ലഭിച്ച പണം ചിലര്‍ ചേര്‍ന്ന് മുക്കുകയായിരുന്നു.
താരനിശയിലൂടെ കോടികള്‍ തട്ടിച്ചത് വിജിലന്‍സ് അന്വേഷിക്കണമെന്നും ലഭിച്ച തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.