തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അറിയിച്ചു. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായും കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപ്പെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാൽ തന്നെ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുതെന്നാണ് അറിയിപ്പ്.
ഇത്തരത്തിൽ പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽനിന്നും കാർഡുകളും അനുബന്ധ സേവനങ്ങളും ചികിത്സാവേളയിൽ ഗുണഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. ഇതുവരെ സംസ്ഥാനത്തെ 43 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ ചികിത്സാ കാർഡ് ഇത്തരത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) യിലൂടെ നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ദിശ ടോൾ ഫ്രീ നമ്പറുകളായ 1056/ 104 ൽ ബന്ധപ്പെടാം.