തിരുവനന്തപുരം : 300 കോടി രൂപയുടെ ക്രമക്കേട് ആരോപണം നേരിടുന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് 2 വർഷമായി സംസ്ഥാന സർക്കാരിന്റെ ‘നോട്ടപ്പുള്ളി’. ബാങ്കിൽ സാമ്പത്തിക തിരിമറിയും അഴിമതിയും നടന്നതായി 2019 ലും 2020 ലും സഹകരണ വകുപ്പ് നിയമസഭയിൽ അറിയിച്ചിരുന്നു. എന്നിട്ടും സർക്കാർ കർശന നടപടിയെടുത്തില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം.
സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടു 121 സഹകരണ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തെന്ന് 2019 നവംബറിൽ അന്നത്തെ സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മന്ത്രിയുടെ മറുപടിക്കൊപ്പം അനുബന്ധമായി ചേർത്ത പട്ടികയിൽ തൃശൂർ ജില്ലയിലെ 17 സഹകരണ സ്ഥാപനങ്ങളുമുണ്ടായിരുന്നു. ഇതിൽ ഒന്നാമതായാണു കരുവന്നൂർ ബാങ്കിനെ ഉൾപ്പെടുത്തിയിരുന്നത്.
സാമ്പത്തിക തിരിമറി വഴി ഈ സഹകരണ സ്ഥാപനങ്ങൾക്കാകെ 243.05 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അന്നു സഭയെ അറിയിച്ചു. റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികളും ഭാവിയിൽ ക്രമക്കേട് ഒഴിവാക്കാൻ സത്വര നടപടികളും സ്വീകരിച്ചു വരുന്നെന്നാണു സഭയിൽ സർക്കാർ വിശദീകരിച്ചത്.
അഴിമതി നടത്തിയതിനു സഹകരണ വകുപ്പ് നടപടിയെടുത്ത 168 സഹകരണ സ്ഥാപനങ്ങളുടെ പട്ടിക 2020 മാർച്ചിൽ മന്ത്രി നിയമസഭയ്ക്കു നൽകിയപ്പോഴും അക്കൂട്ടത്തിൽ കരുവന്നൂർ ബാങ്കുണ്ടായിരുന്നു. അന്നും ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങൾ (51 എണ്ണം) ഉൾപ്പെട്ടതു തൃശൂർ ജില്ലയിൽ നിന്നുതന്നെ.
കേസെടുത്തെന്നും സത്വര നടപടി സ്വീകരിച്ചെന്നും അഴിമതി കണ്ടെത്തിയെന്നുമെല്ലാം സഭയിൽ അറിയിച്ചെങ്കിലും ബാങ്ക് ഭരണസമിതിക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നതാണു വസ്തുത. അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാനേജരെ സസ്പെൻഡ് ചെയ്തെങ്കിലും ഭരണസമിതിയെയും മറ്റുദ്യോഗസ്ഥരെയും അതേപടി തുടരാൻ അനുവദിച്ച് പുതിയൊരു സംഘത്തെ അന്വേഷണം ഏൽപിക്കുകയാണു ചെയ്തത്. ഇതിനെക്കാൾ കുറഞ്ഞ തുകയുടെ ക്രമക്കേടും ചട്ടലംഘനവും കണ്ടെത്തിയ മുപ്പതിലേറെ സഹകരണ സംഘങ്ങളെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു പിരിച്ചുവിട്ടപ്പോഴാണ് കരുവന്നൂർ ബാങ്കിനു സംരക്ഷണം ലഭിച്ചത്.