കാസര്‍ഗോഡ് : തൃക്കരിപ്പൂര്‍ വയലോടിയില്‍ യുവാവിനെ വീടിന് സമീപമുള്ള പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ടമ്മല്‍ വയലൊടി ഹരിജന്‍ കോളനിയില്‍ കൊടക്കല്‍ കൃഷ്ണന്‍റെ മകന്‍ എം പ്രിജേഷാണ് (32) മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് പ്രിജേഷിനെ വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഞായറാഴ്ച രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ പ്രിജേഷ് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയതായിരുന്നു. ഉടന്‍ വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇയാള്‍ ഇറങ്ങിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞും പ്രിജേഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാവിലെയാണ് വീടിന് സമീപത്തെ പറമ്പില്‍ പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്‍റെ ഫോണിലേക്ക് അവസാനമായി വിളിച്ച ആളും സുഹൃത്തുമാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. പയ്യന്നൂരില്‍ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്യുകയായിരുന്നു പ്രിജേഷ്.