കാസർഗോഡ് : ഒരിടവേളയ്ക്ക് ശേഷം കാസര്‍ഗോഡ് വീണ്ടും കൊവിഡ് കേസുകള്‍ കൂടിയതോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രതയോടെ മുന്നോട്ടു പോവുകയാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പത്തുപേരില്‍ മഞ്ചേശ്വരത്ത പൊതുപ്രവര്‍ത്തകരായ ദമ്പതികളുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് തലവേദനയാവുകയാണ്. പൊതു പ്രവര്‍ത്തകന്റെ ഭാര്യ ജനപ്രതിനിധികൂടി ആയതുകൊണ്ട് കൂടുതലിടങ്ങളില്‍ പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പൊതുപ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തന്നെ മൂന്ന് തവണ പോയിട്ടുണ്ട്. ക്യാന്‍സര്‍ വാര്‍ഡും ലാബും ഉള്‍പ്പടെയുളള സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. തലപ്പാടിയില്‍ നിന്ന് താരതമ്യേന ദൂരം കുറഞ്ഞ പൈവിളഗയിലേക്ക് കാറില്‍ കൂടെ പോയപ്പോള്‍ തന്നെ രോഗം പടര്‍ന്നതും ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരില്‍ നിന്ന് രോഗം പകര്‍ന്നുവെന്ന കാര്യവും കണ്ടുപിടിക്കേണ്ടതുണ്ട്.
ഇന്ന് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി പത്ത് രോഗികളുമായി നേരിട്ട് ബന്ധമുള്ള എല്ലാവരെയും ക്വാറന്‍റൈനിലാക്കും. 178 രോഗികളെയും ചികിത്സിച്ച് ഭേദമാക്കി കൊവിഡ് മുക്ത ജില്ലയായ ശേഷം ഇപ്പോള്‍ 14 രോഗികളാണ് കാസര്‍ഗോഡ് ജില്ലയില്‍ ആകെയുള്ളത്. അതേസമയം ജില്ലയിലെ കുമ്പള, പൈവളിഗെ, മംഗൽപാടി എന്നിവിടങ്ങളെ ഹോട്ട് സ്പോട്ടുകളായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ 15 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.