കാസര്‍കോട് : നെട്ടണിഗെ, നാട്ടക്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി ഉടമകളില്‍ നിന്നും ഡെപ്യൂട്ടി കളക്ടര്‍ ബോര്‍ഡ് വച്ച് വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പണം പിരിച്ചതായി പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ നടപടി. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സജീദ് എസ്.എ യെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥന്റെ നടപടി സര്‍ക്കാരിനും, റവന്യൂ വകുപ്പിനും അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഡെപ്യൂട്ടി കളക്ടറുടെ വാഹനത്തിലെ ലോഗ് ബുക്ക് പ്രകാരമുളള ദൂരവ്യത്യാസത്തിന് വ്യക്തമായ വിശദീകരണം നല്‍കുന്നതിന് ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ലാത്തതിനാലുമാണ് സര്‍ക്കാര്‍ നടപടി. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ ഡെപ്യൂട്ടി കളക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഉദ്യോഗസ്ഥന്‍ പണം പിരിച്ചതായി പത്രങ്ങളില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 19 ന് സമര്‍പ്പിച്ചു.
ക്വാറി ഉടമകളുടെ മൊഴിയില്‍ 2022 മാര്‍ച്ച് 1 ന് ഡെപ്യൂട്ടി കളക്ടര്‍ ബോര്‍ഡ് വച്ച് വാഹനം നാട്ടക്ക് ഭാഗത്ത് ക്വാറി വാഹനങ്ങള്‍ പരിശോധിക്കുന്നതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി കളക്ടറുടെ മൊഴിയില്‍ പ്രസ്തുത ദിവസം ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നില്ലായെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിഷയത്തില്‍ കാസര്‍ഗോഡ് ആര്‍.ഡി.ഒ യുടെ മൊഴിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) യുടെ വാഹനത്തില്‍ ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവരുടെ പേര് പറഞ്ഞ് പിരിവ് നടത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍.ഡി.ഒയുടെ പേര് പറഞ്ഞ് പിരിവ് നടത്തിയതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെ കൊണ്ട് സംഭവം അന്വേഷിച്ചിരുന്നു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചു.
2022 ഫെബ്രുവരി 28 ന് ശേഷം 2022 മാര്‍ച്ച് 2 നായിരുന്നു വാഹനം ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരുന്നത്. 2022 മാര്‍ച്ച് 2 ന് കളക്ടറേറ്റില്‍ നിന്ന് നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്ക് 221 കി.മീ സഞ്ചരിച്ചെന്ന് രേഖപ്പെടുത്തി. എന്നാല്‍ കളക്ടറേറ്റ് കാര്യാലയത്തില്‍ നിന്നും നിലേശ്വരത്തേക്ക് പോയി വരുവാന്‍ 110 കി.മീ. ദൂരം മാത്രം ഉള്ളതിനാല്‍ കൂടുതലായി വരുന്ന 110 കി.മീ. സഞ്ചരിച്ചത് എവിടേക്കാണെന്നത് സംബന്ധിച്ചും യാത്രയുടെ ആവശ്യകതയും രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ പ്രസ്തുത ദൂര വ്യത്യാസം പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിവയ്ക്കും പ്രകാരം നെട്ടണിഗെ, നാട്ടക്കല്‍ ഭാഗത്തേക്ക് യാത്ര ചെയ്തതാണെന്ന് സംശയിക്കുന്നതായും അത് വ്യക്തമാകുന്നതിന് വിശദമായ പരിശോധന ആവശ്യമാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി