കാസർഗോഡ് : കാസര്‍കോടില്‍ നിന്നുള്ള രണ്ട് എം.എല്‍.എമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കാസര്‍കോടില്‍ നിന്നുള്ള എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി കമറുദ്ദീന്‍ എന്നിവരാണ് സ്വയം നിരീക്ഷത്തില്‍ പ്രവേശിച്ചത്. പുതിയ വെെറസ് ബാധ സ്ഥിരീകരിച്ചതോടെ ദുബൈയിലെ നാഇഫില്‍ നിന്ന് കാസര്‍കോട് എത്തിയ മുഴുവന്‍ പ്രവാസികളോടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോട് സബ് ജില്ലയില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഇന്ന് നടക്കേണ്ട പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എം.എല്‍.എമാര്‍ തീരുമാനിച്ചത്. ഇരുവരും കോവിഡ് ബാധിതനായ വ്യക്തി ഉള്‍പ്പെട്ട വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ വെെറസ് ബാധിതനായ വ്യക്തിയെ വിവാഹ ചടങ്ങിനിടെയല്ല കണ്ടതെന്നും ജാഗ്രതയുടെ ഭാഗമായാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നും എം.സി കമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ദുബൈയില്‍ നിന്നുവന്ന കാസര്‍കോട് സ്വദേശിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.