ന്യൂഡൽഹി : കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതിയിൽ ഡൽഹി പോലീസ് നടപടി തുടങ്ങി. പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീർ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാൽ കെ.ടി ജലീൽ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകശ്മീർ താഴ്‌വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകശ്മീർ എന്നും പറഞ്ഞിരിന്നു.
ഡൽഹി പോലീസിന്‍റെ സൈബർ ക്രൈം വിഭാഗമാണ് കേസ് അന്വേഷിക്കുക. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എഫ്.ഐ.ആർ ഇടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.