പത്തനംതിട്ട : കശ്ശാഫുൽ ഉലും അറബിക് കോളേജിന്റെ 40-ാം വാർഷികവും 7-ാം സനദ് ദാന സമ്മേളനവും ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. ഒന്നാം തീയതി രാവിലെ വാർഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 6.30 ന് മാനവ സൗഹാർദ്ദ സമ്മേളനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും. പത്തനംതിട്ട ഠൗൺ ജുംഅ മസ്ജിദ് ചീഫ് ഇമാം അബദ്ദൂൽ ഷുക്കൂർ മൗലവി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്., മുനിസിപ്പല്‍ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ എന്നിവര്‍ ആശംസകള്‍ അറിയിക്കും.
ഫെബ്രുവരി 2-ാം തീയതി ഉച്ചയ്ക്കുശേഷം നടക്കുന്ന മർഹും മൗലാന അബ്ദുൽ കരിം ഉസ്താദ് അനുസ്മരണ പരിപാടിയിൽ മുസ്ലീംലിഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. സനദ് ദാന സമ്മേളനത്തിൽ സ്വാതന്ത്ര്യ സമര സേനാനി മൗലാന ഹുസൈൻ അഹമ്മദ് മദനിയുടെ മകൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനിക്ക് ബിരുദ ദാനം നൽകി ആദരിക്കും. പത്രസമ്മേളനത്തിൽ അറബികോളജ് പ്രിൻസിപ്പൽ റ്റി.എ. അബ്ദുൽ ഗഫാർ അൽ കൗസരി, ട്രസ്റ്റ് ചെയർമാൻ എച്ച്. ഷാജഹാൻ, സെക്രട്ടറി എം. അബ്ദുൽ സലാം, കൺവീനർ എം. മുഹമ്മദ് ഹനീഫ്, എക്സിക്യുട്ടീവ് കമ്മറ്റി മെംബർ അൻസാരി മൗലവി അൽ കൗസരി, ഷമീർ കാക്കാരേത്ത് തുടങ്ങിയവർ പങ്കെടുത്തു.