തിരുവനന്തപുരം : ലാവലിൻ കേസിൽ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ആറര വർഷമായി സമർപ്പിച്ച ഹർജിയിൽ തീർപ്പുകൽപ്പിക്കപ്പെടും മുമ്പ് റിട്ട. കെ.എസ്.ഇ.ബി. ചീഫ് എൻജിനിയർ കസ്തൂരിരങ്ക അയ്യർ (82) യാത്രയായി. 38 തവണയിലേറെയായി സുപ്രീം കോടതി മാറ്റിവെച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത് .
2017-ൽ കേസിൽ ശിക്ഷിക്കപ്പെടുമ്പോൾ തന്നെ പ്രായത്തിന്റെ അവശതയിലായിരുന്നു അദ്ദേഹം. അന്ന് ‘‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’’ എന്ന് മാത്രമായിരുന്നു അദ്ദേഹം ശിക്ഷാവിധി കേട്ടപ്പോൾ പ്രതികരിച്ചത്. വർഷങ്ങൾക്കു മുൻപ് വീഴ്ചയെ തുടർന്നു നട്ടെല്ലിൽ പ്ലേറ്റ് ഇട്ടതിന്റെ അവശതയും അദ്ദേഹത്തിനുണ്ടായിരുന്നു.