കോന്നി : തണ്ണിത്തോട് പ്ലാന്റേഷൻ പൂച്ചക്കുളം ബി ഡിവിഷനിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ റബ്ബർ മരങ്ങൾ നശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. 2014 വർഷം പ്ലാന്റ് ചെയ്ത മുപ്പതോളം മരങ്ങൾ ആണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നശിച്ചത്. ടാപ്പിങ്ങിന് പാകമായ റബ്ബർ മരങ്ങൾ മാർക്ക് ചെയ്ത് നിർത്തിയിരുന്നവയായിരുന്നു. പ്ലാന്റേഷനിൽ രാത്രി കാവലിന് രണ്ട് വാച്ചർമാരെ ചുമതല പെടുത്തിയിരുന്നു എങ്കിലും ഇവർ നേരം പുലർന്ന് നാട്ടുകാർ പറഞ്ഞാണ് സംഭവം അറിയുന്നത്. വാച്ചർമാരുടെ സേവനവും കാര്യക്ഷമമല്ല.
മരത്തിന്റെ പട്ട ഉരിച്ച് തിന്നാണ് കാട്ടാന കൂട്ടം മടങ്ങിയത്. വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ പെടുന്ന വന ഭാഗമാണ് പ്ലാന്റേഷന് സമീപമുള്ളത്. എന്നാൽ ഈ ഭാഗത്ത് വനം വകുപ്പ് സൗരോർജ്ജ വേലികളും സ്ഥാപിച്ചിട്ടില്ല. ഇവിടെ നാളുകളായി തുടരുന്ന കാട്ടാന ശല്യം മൂലം നിരവധി റബ്ബർ മരങ്ങൾ ആണ് നശിച്ചത്. ഒൻപത് വർഷം പ്രായമുള്ള മരങ്ങൾ ആണ് നിലവിൽ കാട്ടാന നശിപ്പിച്ചത്. ഇതിലൂടെ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പ്രദേശത്ത് വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിച്ച് കാട്ടാന ശല്യത്തിന് പരിഹാരം കാണണം എന്നാണ് ആവശ്യമുയരുന്നത്.