സീതത്തോട് : ഗൂഡ്രിക്കൽ വനം റേഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനതിർത്തിയിൽപ്പെട്ട മ്ളാമ്പാറ വനത്തിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. 22 വയസ്സ് പ്രായം വരുന്ന പിടിയാനയ്ക്ക് ശബരിഗിരി-ഇടമൺ 220-കെ.വി വൈദ്യുതി ലൈനിൽനിന്നാണ് വൈദ്യുതാഘാതമേറ്റത്. ജഡത്തിന് ഏതാനുംദിവസത്തെ പഴക്കമുണ്ട്. ഈ സ്ഥലത്ത് ഈറ്റക്കാടുകൾ ധാരാളമുണ്ട്. ഇവിടെ ഈറ്റയും അടിക്കാടുകളുമെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മൂഴിയാർ പവർഹൗസിൽനിന്ന് ഇടമണിലേക്ക് വൈദ്യുതികൊണ്ടുപോകുന്ന 220 കെ.വി.ലൈനാണ് ഇവിടെയുള്ളത്. പ്രദേശത്തുകൂടി കടന്നുവന്ന കാട്ടാന ഈറ്റക്കാട് ഒടിക്കുമ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്ന് കരുതുന്നു.
ശബരിഗിരി പദ്ധതിയുടെ മൂഴിയാർ പവർഹൗസിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന 220 കെ.വി. വൈദ്യുതി ലൈനുകളെല്ലാംതന്നെ വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. ഈ ലൈനുകളിലെ അടിക്കാട് യഥാസമയം തെളിക്കാതെ വരുന്നത് വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാണ്. മുമ്പും ഈ മേഖലയിൽ കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ദക്ഷിണമേഖലാ സി.സി.എഫ് ഡോ. ആർ.കമലാഹർ, റാന്നി ഡിവിഷൻ ഐ.എഫ്.എസ്. ട്രെയിനി നിഥീഷ്‌കുമാർ, ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എ.എസ്.അശോക്, കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റേഞ്ചർ മനോജ് ചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.