കോന്നി : തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ പേരുവാലിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ട കാർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കോന്നിയിൽ നിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് പോയ കാർ പേരുവാലിയിൽ ഇൻ്റർ ലോക് പാകിയ ഭാഗത്തെത്തിയപ്പോൾ റോഡ് കുറുകെ കടക്കുവാൻ എത്തിയ കുട്ടികൊമ്പൻ കാറിന് മുന്നിലേക്ക് നടന്നടുക്കുകയായിരുന്നു. യാത്രക്കാരൻ ഹോൺ അടിച്ചതിനെ തുടർന്ന് ചിന്നം വിളിയോടെ ആന കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. തണ്ണിത്തോട് റോഡിൽ കാട്ടാനയുടെ സാന്നിധ്യം ഇപ്പോൾ വർധിച്ച് വരുകയാണ്. വലിയ വളവുകൾ ഉള്ള റോഡിൽ ആന നിൽക്കുന്നത് ശ്രദ്ധിക്കാതെ അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്.