കോഴിക്കോട് : കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈർ, ഫൈസൽബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ആരോപണം ഉന്നയിച്ച മുഈനലി തങ്ങളെ ഉൾപ്പെടുത്തിയായിരുന്നു വാർത്താ സമ്മേളനം. കമ്മിറ്റി കണക്കുകൾ വ്യക്തമാക്കിയെന്നും അതിൽ തൃപ്തനാണ് എന്നും മുഈനലി തങ്ങൾ പറഞ്ഞു. കണക്കുകൾ ബോംബെ കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്. ആ കമ്മിറ്റിയിൽ മുഈനലി തങ്ങൾ പങ്കെടുത്തിട്ടില്ല അതാണ് ആശയക്കുഴപ്പമുണ്ടാക്കിയത് അദ്ദേഹം വിശദീകരിച്ചു.
വിധി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനിയും നടക്കുന്നുണ്ട്. ഫണ്ട് നൽകിയതിന്റെ ചിത്രങ്ങൾ പത്രങ്ങൾക്ക് നൽകിയിട്ടില്ല. യുവജനയാത്രയ്ക്ക് ഫണ്ട് വകമാറ്റിയെന്ന ആരോപണവും ശരിയല്ല. അതൊന്നും തിന്നു ജീവിക്കേണ്ട സാഹചര്യം ഞങ്ങൾക്കില്ല അദ്ദേഹം കൂട്ടിച്ചേർത്തു. പികെ ഫിറോസിനെ കുറിച്ചുള്ള ആരോപണത്തിന് പിന്നിൽ മറ്റു താത്പര്യങ്ങളാണ്. ഒരു കോടി രൂപ യൂത്ത് ലീഗ് പിരിച്ചുവെന്നാണ് ആരോപണം. അത്രയും തുക പിരിച്ചെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. കത്വയിൽ മാത്രമല്ല ആൾക്കൂട്ടക്കൊലയുടെ ഇരകളായ ജുനൈദ്, തബ്രിസ് അൻസാരി, ഖാസിം തുടങ്ങിയവരുടെ വിഷയങ്ങളിലും യൂത്ത് ലീഗ് ഇടപെട്ടിട്ടുണ്ട് സുബൈർ വിശദീകരിച്ചു.