തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്ന് കാട്ടാക്കട സ്വദേശി തട്ടിയെടുത്ത രണ്ടര വയസുകാരിയെ ഇന്ന് അമ്മയ്ക്ക് കൈമാറി. അമ്മ കളിയിക്കാവിളയിലെത്തിയാണ് കുട്ടിയെ ഏറ്റെടുത്തത്. കര്‍ണാടക പോലീസ് സംഘം ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പോലീസ് ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ മകനാണ് കുട്ടി എന്നാണ് ജോസഫ് പോലീസിനോട് പറഞ്ഞത്.
ബെംഗളൂരുവില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയുമായി തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ജോസഫ് ജോണ്‍ പിടിയിലാകുന്നത്. രാത്രി പട്രോളിംഗിനിടെ പോലീസുകാരാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. പെണ്‍കുട്ടി തുടര്‍ച്ചയായി കരയുന്നതുകണ്ട് സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ഐസ്ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ടാഴ്ച മുന്‍പായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആന്ധ്ര സ്വദേശിനിയായ എസ്തറും കുട്ടിയെ തിട്ടിയെടുക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കര്‍ണാടകയിലെ ഊപ്പര്‍ സേട്ട് പോലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുന്‍പ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. കൂടാതെ തന്റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേസ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു.