മല്ലപ്പള്ളി : കോവിഡ് കാലത്ത് 1000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മല്ലപ്പള്ളി-ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിനു കുറുകെ നിര്‍മിച്ച കാവനാല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം മുരണി യുപി സ്‌കൂള്‍ കെട്ടിടത്തില്‍ ഓഡിയോ കോളിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരിക്കിടയിലും പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 4.60 കോടി രൂപ ചിലവില്‍ പാലം നിര്‍മ്മാണവും 98.46 ലക്ഷം രൂപയ്ക്ക് അപ്രോച്ച് റോഡും സംരക്ഷണഭിത്തിയും നിര്‍മ്മിച്ചാണ് കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന കാവനാല്‍ കടവ് പാലം പൂര്‍ത്തിയാക്കിയത്. 126.6 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുള്ള പാലത്തിന് 7.5 മീറ്റര്‍ വീതിയില്‍ വാഹന ഗതാഗത പാതയും 1.50 മീറ്റര്‍ വീതിയില്‍ ഇരു വശത്തും നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2016 മുതല്‍ 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതില്‍ 800 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടന്നു കഴിഞ്ഞതായി അധ്യക്ഷത വഹിച്ച മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. വരും വര്‍ഷത്തില്‍ ലക്ഷ്യത്തിനും മുകളില്‍ വികസന പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കും. മല്ലപ്പള്ളിയില്‍ അട്ടക്കുളം പാലത്തിനു നിര്‍മ്മാണ അനുമതി ലഭിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ശിലാ അനാഛാദനവും പാലം നാടമുറിച്ചുള്ള ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ഓഡിയോ കോളിലൂടെ ആന്റോ ആന്റണി എം.പിയും ചടങ്ങില്‍ പങ്കെടുത്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവേല്‍, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, മിനു സാജന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, പി.എസ് രാജമ്മ, സുമിത എസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിക്ടര്‍ ടി തോമസ്, അലക്‌സ് കണ്ണമല,ജേക്കബ് ജോര്‍ജ്, രാജന്‍ എം ഈപ്പന്‍, സാംകുട്ടി പാലക്കാമണ്ണില്‍, ആലപ്പുഴ പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.എ.സിനി തുടങ്ങിയവര്‍ പങ്കെടുത്തു.