പന്തളം : പോക്സോ കേസിൽ കവിയൂർ മുരിങ്ങൂർകുന്നിൽ വീട്ടിൽ ആഷിക് സുധീഷിനെ (19) പന്തളം പോലീസ് പിടികൂടി. കേസിലെ ഇരയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതിന് കഴിഞ്ഞവർഷം ഇയാൾക്കെതിരേ പന്തളം പോലീസ് കേസെടുത്തിരുന്നു. ഈവർഷം ജനുവരി 20 മുതൽ പ്രതി പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സന്ദേശങ്ങൾ അയയ്ക്കുകയും ഇയാളുടെ ഫോണിൽനിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞമാസം ആറിന് തന്റെ നഗ്നചിത്രം ഇൻസ്റ്റാഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടർന്ന് കുട്ടിയോട് നഗ്നഫോട്ടോകൾ ഫോണിലൂടെ അയയ്ക്കാൻ ആവശ്യപ്പെട്ടു.
അടുത്ത ദിവസം ഫോണിൽ വിളിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് കേസെടുത്തത് മനസ്സിലാക്കി സംസ്ഥാനം വിട്ട പ്രതിയെ തമിഴ്‌നാട്-കർണാടക അതിർത്തിയായ ഹൊസൂരിൽനിന്നുമാണ് പിടികൂടിയത്. അടൂർ ഡിവൈഎസ്‌പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ. അനീഷ് എബ്രഹാം, സിപിഒ മാരായ എസ്.അൻവർഷാ, കെ.അമീഷ്, കെ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.