തിരുവല്ല : കൊറോണയല്ല അതിലും വലിയ വിപത്തിലേക്ക് നമ്മള്‍ ചെന്നുവീണാലും മനുഷ്യന്റെ ഉള്ളിലെ അഹങ്കാരവും അഹംഭാവവും കുറയില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് കുമാരി എന്ന ഈ മാതാവ്. നന്നായി ഓര്‍മ്മക്കുറവുള്ള ഇവരെ ഇന്ന് രാവിലെ ആരോ ഒരു ഓട്ടോയില്‍ കയറ്റി വിട്ടു. ഇവര്‍ തിരുവല്ല കാവുംഭാഗത്ത് ഇറങ്ങി. കയ്യില്‍ പണമില്ലെന്ന് അറിഞ്ഞതുകൊണ്ട് ഓട്ടോക്കാരന്‍ ഒന്നും പറയാതെ തിരികെപോയി. മാതാവ് അടുത്തുള്ള അമ്പലത്തില്‍ കയറിയിരുന്നു. ഈ സമയം അമ്പലത്തിന്റെ പരിസരം വൃത്തിയാക്കിക്കൊണ്ട് നാട്ടുകാരില്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നു. ഏറെനേരം ഇവര്‍ ഒറ്റയ്ക്ക് അവിടെ ഇരിക്കുന്നത് കണ്ടാണ് ഇവര്‍ വിവരം അന്വേഷിച്ചത്. പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുന്ന ഇവരുടെ ബന്ധുവീട് കാവുംഭാഗത്ത് എവിടെയോ ഉണ്ടെന്നും ഇടക്ക് പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്ക് അക്കൌണ്ടുകളിലും ഈ മാതാവിന്റെ ബന്ധുക്കളെ അന്വേഷിച്ച് പോസ്റ്റുകള്‍ പറന്നു. ഒപ്പം ലൈവ് വീഡിയോകളും. ഇത് കണ്ട് നിരണത്തുനിന്നും ഒരാള്‍ വിളിച്ചു. ഈ മാതാവ് നിരണം തെവേരി സ്വദേശിയാണെന്ന് സംശയിക്കുന്നുവെന്നും ഇവരുടെ പേര് കുമാരി എന്നാണെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സഹോദരിയുടെയും സഹോദരന്റെയും ഫോണ്‍ നമ്പരുകള്‍ കിട്ടി. രണ്ടുപേരും ഉന്നതര്‍. കോട്ടയത്തെ ഒരു പ്രമുഖ പത്രത്തില്‍ നിന്നും വിരമിച്ച സ്വന്തം സഹോദരന്‍ വിവരം അറിഞ്ഞപ്പോഴേ ഫോണ്‍ കട്ടുചെയ്തു. തുടര്‍ന്ന് വിളിച്ചത് ഈ മാതാവിന്റെ സ്വന്തം സഹോദരിയെ. കോട്ടയം കളക്ടറേറ്റിലെ പ്രധാനി. സഹോദരിയുടെ വിവരം പറഞ്ഞതോടെ ഇവരും ഫോണ്‍ കട്ടുചെയ്തു. എന്താന്നല്ലേ…എല്ലാം മറന്നു.
അവസാനം തിരുവല്ല പോലീസെത്തി. അവര്‍ക്ക് കയ്യൊഴിയാന്‍ പറ്റില്ലല്ലോ. ഈ വൃദ്ധ മാതാവിനെ അവര്‍ തിരുവല്ല അഭയകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ ഇവരെ സ്നേഹത്തോടെ നോക്കുവാന്‍ ആരൊക്കെയോ ഉണ്ട്.
ഈ മാതാവിന്റെ പേരില്‍ ഇനിയും സ്വത്തുക്കള്‍ ഒന്നും ഉണ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഈ കോറോണക്കാലത്ത് ഇവരെ തെരുവിലേക്ക് പറഞ്ഞുവിടില്ലായിരുന്നു. സഹോദരനും സഹോദരിയും കയ്യൊഴിയില്ലായിരുന്നു. ഇവര്‍ പറഞ്ഞ് ഈ മാതാവിന്റെ വീട്ടുകാര്‍ വിവരം അറിഞ്ഞിട്ടുണ്ടാകണം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അവിടെയും നിശബ്ദത. ആരും ഈ മാതാവിനെ അന്വേഷിച്ചു വന്നില്ല. നൊന്തുപെറ്റ മക്കളും(ഉണ്ടെങ്കില്‍) ഒരമ്മയുടെ ഉദരത്തില്‍ നിന്നും ജന്മംകൊണ്ട സഹോദരങ്ങളും കയ്യൊഴിഞ്ഞു. ഇത്തരം ക്രുരതക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണം. എന്ത് ന്യായവാദങ്ങള്‍ നിരത്തിയാലും ഈ നെറികേടിനെതിരെ പത്തനംതിട്ട മീഡിയ ശക്തമായി പ്രതികരിക്കുന്നു.