കോഴിക്കോട്: മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 2019ലെ കായകല്‍പ്പ് പുരസ്‌കാരത്തില്‍ കോഴിക്കോട് ജില്ലയ്ക്കു അംഗീകാരം. സംസ്ഥാന തലത്തില്‍ ജില്ലാതല ആശുപത്രികളില്‍ രണ്ടാം സ്ഥാനം ഗവ. ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി) കരസ്ഥമാക്കി. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. സബ് ജില്ലാ ആശുപത്രികളില്‍ രണ്ടാം സ്ഥാനം താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് ലഭിച്ചു. 10 ലക്ഷം രൂപയാണ് സമ്മാനത്തുക.
കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ , താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ് അവാര്‍ഡ് നല്‍കുക. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും സംസ്ഥാന തല പരിശോധനയും നടത്തിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.
70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രി പ്രത്യേക അവാര്‍ഡിന് അര്‍ഹമായി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി കല്ലുനിര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററാണ് ഒന്നാം സ്ഥാനം നേടിയത്. 2 ലക്ഷം രൂപയാണ് സമ്മാനത്തുക. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലാ തലത്തില്‍ രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. സംസ്ഥാന തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിനാണ്.