ആലപ്പുഴ : കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവച്ചു. കായംകുളം എംഎല്‍എ യു. പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കും സിപിഎം ഏരിയാ കമ്മറ്റിക്കും പ്രവര്‍ത്തകര്‍ രാജിക്കത്ത് കൈമാറിയതായും സൂചന. അതേസമയം കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ നേതൃത്വം നിര്‍ദേശം നല്കി. അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സിഐയെ പിന്തുണക്കുന്നത് എംഎല്‍എയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
നേരത്തെ യു. പ്രതിഭ എംഎൽഎയ്ക്കെതിരെ സോഷ്യല്‍ മീഡിയയല് സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തയായിരുന്നു.