കഴക്കൂട്ടം : കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികള്‍ ഏറ്റുമുട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഒരാള്‍ക്ക് കുത്തേറ്റു. ഒരാള്‍ക്ക് തലക്കാണ് പരിക്ക്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുരുക്കുംപുഴയില്‍ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ സംസ്കാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തെങ്കാശി സ്വദേശികളായ മുരുകന്‍ (27), മണികണ്ഠന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റ്. വയറില്‍ കുത്തേറ്റ മുരുകന്റെ നില ഗുരുതരമാണ്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ മണികണ്ഠന് തലക്കാണ് പരിക്ക്.
ഇവരുടെ ബന്ധുവായ അന്തോണി (65) എന്ന സ്ത്രീ തിങ്കളാഴ്ച മുരുക്കുപുഴ റെയില്‍വേ ക്രോസില്‍വെച്ച് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കഴക്കൂട്ടം കരിയില്‍ വാടകക്ക് താമസിക്കുന്ന സത്യരാജിനെ ബന്ധു മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. തുടര്‍ന്ന് ആറു മണിയോടെ സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തി. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്നവരാണ് ഇവര്‍. കഴക്കൂട്ടം പോലീസ് കേസെടുത്തു.