തിരുവനന്തപുരം : പാർട്ടിയിൽ വലിയ പ്രക്ഷോഭമുണ്ടാക്കി കഴക്കൂട്ടം സീറ്റ് ചോദിച്ചു വാങ്ങിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വൻ പരാജയം. ശബരിമല വിഷയം ഇളക്കിവിട്ട് സാഹചര്യം അനുകൂലമാക്കാൻ നോക്കിയെങ്കിലും കടകംപള്ളിയുടെ ഭൂരിപക്ഷം ഇരട്ടിയായി. കഴക്കൂട്ടത്തെ തോൽവി പാർട്ടിക്കുള്ളിൽ ശോഭയുടെ പോരാട്ടത്തെ ദുർബലമാക്കും. സാഹചര്യങ്ങൾ അനുകൂലമായിരുന്ന മണ്ഡലം കൈവിട്ടതിന്റെ പഴിയും ശോഭയിലേക്കെത്തും.
സംസ്ഥാന നേതൃത്വത്തെ മറികടന്നു കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെയാണ് ശോഭ കഴക്കൂട്ടത്ത് മത്സരിക്കാനെത്തിയത്. വി.മുരളീധരന് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താൽപര്യം. സംസ്ഥാനതലത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
തന്നെ നേതൃസ്ഥാനത്തുനിന്നും പിന്തള്ളാൻ ശ്രമിക്കുന്ന വി.മുരളീധരനെതിരെ ശോഭാസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു സ്ഥാനാർഥിയായി. വി.മുരളീധരന്റെ തട്ടകത്തിൽ ശോഭ സ്ഥാനാർഥിയാകുന്നത് തടയിടാൻ കോൺഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയർത്തിയെങ്കിലും ഒന്നും നടന്നില്ല. ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോഴാണ് ശോഭ സീറ്റുറപ്പിച്ച കാര്യം മുരളീധരപക്ഷം അറിയുന്നത്.
കേരളത്തിൽ ഏറ്റവും ശക്തമായി ശബരിമല വിഷയം ഉന്നയിക്കപ്പെട്ട മണ്ഡലമാണ് കഴക്കൂട്ടം. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിനു സ്വാധീനമുള്ള മേഖലകളുള്ള സ്ഥലങ്ങളിൽ ഈ പ്രചാരണം തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്കെത്തി. പാർട്ടിയിൽ തന്നെ ഒതുക്കുന്നതായി പരാതി പറഞ്ഞ ശോഭ ഏറെ നാളായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കെ.സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ തുടർച്ചയായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണ് പാർട്ടി പരിപാടികളിൽ സജീവമായതും പിന്നീട് കഴക്കൂട്ടം സീറ്റിൽ മത്സരിക്കാനെത്തുന്നതും.