തിരുവനന്തപുരം : കഴക്കൂട്ടത്ത് നഗരസഭ നിര്‍മ്മിക്കുന്ന ഗ്യാസ് ശ്മശാനം കാലതാമസം കൂടാതെ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് ഉത്തരവ് നല്‍കിയത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ ഒരു ശ്മശാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കവടിയാര്‍ ഹരികുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ശാന്തി കവാടത്തില്‍ 2 ഇലക്‌ട്രിക് ഫര്‍ണസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വര്‍ഷം 2500 – 3000 ശവദാഹങ്ങള്‍ നടത്താറുണ്ടെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൊവിഡ് കാലത്ത് പ്രത്യേക ക്രമീകരണം നടപ്പിലാക്കി. ശാന്തികവാടത്തില്‍ തന്നെ രണ്ട് ഗ്യാസ് ശ്മശാനങ്ങളുടെ പണി പൂര്‍ത്തിയായി വരുന്നുണ്ട്. കഴക്കൂട്ടത്ത് രണ്ട് ഗ്യാസ് ശ്മശാനങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2018-19 ല്‍ ആരംഭിച്ച കഴക്കൂട്ടം ശ്മശാനത്തിന്‍റെ നിര്‍മാണം നിലച്ചിരിക്കുകയാണെന്ന് പരാതിക്കാരന്‍ അറിയിച്ചു. നിലവിലുള്ള ശ്മശാനങ്ങള്‍ അപര്യാപ്തമാണെന്ന ബോധ്യം നഗരസഭക്കുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. പുതുതായി നിര്‍മ്മിക്കുന്ന ശ്മശാനങ്ങള്‍ അനന്തമായി നീട്ടികൊണ്ടുപോകരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.