തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതി അതിക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി കിരണിനെ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഒരു രാത്രി മുഴുവന്‍ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. യുവതിയെ കൈ കാലുകള്‍ കെട്ടിയിട്ടായിരുന്നു പീഡനം. ഇന്നലെ രാവിലെ ആറ് മണിയോടെ കെട്ടഴിച്ച് രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതി ബലാല്‍സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാല്‍സംഗം. ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കിരണിന്റെ അച്ഛനാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി ഗോഡൗണ്‍ പണയത്തിനെടുത്ത് നടത്തുന്നത്. പതിവായി കിരണാണ് ഇവിടെ വരാറുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ പറമ്പിലേക്ക് പെട്ടെന്നാരുടെയും ശ്രദ്ധ പതിയാറില്ല. ഇത് കണക്ക് കൂട്ടി മനപൂര്‍വ്വം യുവതിയെ ഇവിടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാഗങ്ങളിലും കൈക്കും തലക്കും മുഖത്തും പരിക്കുണ്ട്. വിശദമായ പരിശോധനക്ക് ശേഷം യുവതിയെ വീട്ടിലേക്ക് മാറ്റി.