പത്തനാപുരം: എല്‍ഡിഎഫ് പത്തനാപുരം തെരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയും സിപിഐ നേതാക്കളും തമ്മില്‍ പോര്‍വിളി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം. പ്രസംഗമധ്യേ സിപിഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാന്‍ പത്രസമ്മേളനം വിളിച്ച് നേതാക്കള്‍ വ്യക്തത വരുത്തണമെന്നും കെ.ബി.ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീന്‍ എന്നിവര്‍ ഗണേഷ് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ എല്‍ഡിഎഫില്‍ എത്തിയ ശേഷം കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരാവശ്യത്തിനും എംഎല്‍എയുടെ ഓഫിസിനു മുന്നില്‍ പോയിട്ടില്ല.
സിപിഐയെക്കുറിച്ചു മനസ്സിലാക്കാന്‍ ആര്‍.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ വിമര്‍ശനം അവസാനിപ്പിച്ചത്. എംഎല്‍എയ്ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ നേതൃതല സ്റ്റിയറിങ് കമ്മിറ്റിയില്‍ പറയണമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(ബി)യുടെ നേതൃത്വത്തിലാണു സിപിഐ സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എല്‍ഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു. ഗണേഷ് കുമാറും സിപിഐ നേതാക്കളും വാക്ക്പോര് തുടര്‍ന്നപ്പോള്‍ സിപിഎം നേതാക്കള്‍ മൗനം പാലിച്ചു.