ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായി. തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്ന് വേണുഗോപാല്‍ ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും വിജയിച്ചു. കോണ്‍ഗ്രസിന്റെ നീരജ് ഡാംഗി, ബിജെപി അംഗമായ രാജേന്ദ്ര ഗെഹ്ലോട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.
സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി പദവികള്‍ വഹിച്ച കെസി വേണുഗോപാല്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്റംഗമാകുന്നത്. ആലപ്പുഴയില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ വേണുഗോപാല്‍ 2019ല്‍ മത്സരിച്ചില്ല.
രാഷ്ട്രീയ അസ്ഥിരത തുടരുന്ന മണിപ്പൂരില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. മൂന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വോട്ട് ചെയ്യാന്‍ നിയമസഭാ സ്പീക്കര്‍ അനുവദിക്കുകയായിരുന്നു. ഈ മൂന്നുപേരെയും നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. രാജിവെച്ച് മൂന്ന് ബിജെപി എംഎല്‍എമാര്‍ വോട്ട് ചെയ്തില്ല. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നാല് എന്‍പിപി എംഎല്‍എമാരും വോട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.