ദില്ലി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയെ ദില്ലി ഹൈക്കോടതി അടക്കം വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.
കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
” രാജ്യത്താകമാനം ഭയാനകമായ രീതിയില്‍ കോവിഡ് വ്യാപനം നടക്കുമ്പോഴും വാക്‌സിന്‍ വിതരണത്തിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പലതവണ വിമര്‍ശന വിധേയമായിട്ടുണ്ട്. കോണ്‍ഗ്രസുള്‍പ്പെടെ പ്രതിപക്ഷവും ആരോഗ്യവിദഗ്ധരും പല ഘട്ടങ്ങളിലും നിരവധി നിര്‍ദ്ദേശങ്ങളും തിരുത്തലുകളും മുന്നോട്ടുവെച്ചതുമാണ്. എന്നാല്‍ ഒരുവിധ അഭിപ്രായവും മുഖവിലയ്‌ക്കെടുക്കാതെ, അശാസ്ത്രീയമായ രീതിയിലുള്ള വാക്‌സിന്‍ വിതരണവും പ്രതിരോധ നടപടികളുമായ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയായിരുന്നു.
കോവിഡ് വാക്‌സീന്‍ പാഴാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി തന്നെ ഇന്ന് വന്നിരിക്കയാണ്. ജനങ്ങളെ വേര്‍തിരിക്കരുതെന്നും എല്ലാവര്‍ക്കും വാക്‌സീന്‍ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് വാക്‌സീന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ ആസൂത്രണയില്ലായ്മ കൊണ്ട് 44.78 ലക്ഷം ഡോസ് പാഴായി പോയെന്ന വിവരാവകാശ രേഖ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടതിയുടെ നിരീക്ഷണങ്ങളെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
റോക്കറ്റ് സയന്‍സ് പോലെ സങ്കീര്‍ണമായ കാര്യമല്ല ഇതെന്നും ഇപ്പോഴത്തെ സാഹചര്യം മുന്‍കൂട്ടി കാണേണ്ടിയിരുന്നുവെന്നും ജസ്റ്റിസ് വിപിന്‍ സാംഗി, രേഖ പല്ലി എന്നിവരടങ്ങുന്ന ബെഞ്ച് വിമര്‍ശിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നയരാഹിത്യവും കാര്യക്ഷമതയില്ലായ്മയും വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനൊപ്പം ഓക്‌സിജനും മരുന്നുകളും ആവശ്യക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന വസ്തുതയും കോടതി പരിഗണിച്ചിട്ടുണ്ട്. സാമ്പത്തിക ലാഭത്തേക്കാള്‍ മനുഷ്യ ജീവനാണു വില നല്‍കേണ്ടത്. ദുരന്തത്തിലേക്കാണ് നമ്മള്‍ പോകുന്നതെന്നും കോടതി വിലയിരുത്തുന്നു.
വാക്‌സിന്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്നതിന് മുമ്പ് വാണിജ്യാടിസ്ഥാനത്തില്‍ കയറ്റി അയക്കുന്നതും നേരത്തെ തന്നെ ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെ ചോദ്യം ചെയ്താണ്. സാമ്പത്തിക നേട്ടത്തിനല്ല, ജനങ്ങളുടെ ജീവിത സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണ് മനസ്സിലാക്കുക?”