തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ താന്‍ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്‌തെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മന്ത്രിമാരുടെ സമ്മതം ഇല്ലാതെ ഉദ്യോഗസ്ഥര്‍ ധാരണാപത്രം ഒപ്പിടില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഗൂഡാലോചന നടത്തിയാണ് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കുറ്റക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. കുറ്റം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വേണുഗോപാല്‍.
അതേസമയം മത്സ്യ ബന്ധന കരാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് പങ്കുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കാം. കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണം. മേഴ്‌സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.