ദില്ലി: രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയില്‍ ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 30 വരെ ജില്ലാടിസ്ഥാനത്തിന്‍ ജയില്‍ നിറയ്ക്കല്‍ സമരവും നടത്തും. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അപ്പീല്‍ എപ്പോള്‍ നല്‍കണമെന്ന് ലീഗല്‍ ടീം തീരുമാനിക്കുമെന്നും വൈകാതെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. മോദിയുടെ പേരിനെ ചൊല്ലിയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തിരുന്നത്. മേല്‍ക്കോടതി കുറ്റവും ശിക്ഷയും സ്റ്റേ ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവിന് എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.